മൊഴി
എഴുത്തുമഷിപ്പാടിനപ്പുറം
വിറ്റുതീർക്കേണ്ട നാലുമടക്കിൽ
നിറയും കടലാസുതുണ്ടുകൾക്കപ്പുറം
നാഴികമണിക്കെന്തിനൊരു
ഭൂമൺ തരി
അപായചങ്ങലയിൽ
ആളെകുരുക്കി അതുകണ്ടുരസിക്കും
ആൾക്കൂട്ടത്തിനേതു ദൈന്യം
പുറമേ ചാന്തും ചിന്തേരുമിട്ട്
മിനുക്കിയ അകത്തളങ്ങളിൽ
നിലവറ പണിഞ്ഞതിലൊളിപ്പിക്കും
ആധികൾക്കേതു ഭാഷാലിപി..
ആകാശമെഴുതിയതൊരക്ഷരം
അതിനനുബന്ധവും
വ്യാഖ്യാനമെഴുതിപ്പെരുപ്പിച്ചതൊരു
ഗ്രഹസമയദോഷം..
ചന്ദനക്കാവുകളിലൂടെ
കവിത പോലെ
മനോഹരമാം സ്വപ്നവും
കണ്ടു നടന്നുനീങ്ങുമ്പോൾ
പുറം ലോകത്തെയറിയാതെ
പോയതൊരപരാധം..
സ്വസ്ഥവും സൗമ്യവുമായ
ഭൂമിയുടേത് മാത്രമായ
ഒരു കാവ്യസർഗത്തിനരികിൽ നിന്നും
ഒരാളെയും വിശ്വസിക്കാനാവാത്ത
പുതിയ ലോകം രൂപകല്പനചെയ്ത്
ദാനമേകി കടന്നുപോയി
ചരിത്രം..
അരികിലാരോ പറയുന്നു
പഴയലോകം തിരികെവരില്ലയെന്ന്
അങ്ങനെയൊരു
ലോകമരികിലുണ്ടായിരുന്നുവോ?.
കല്പനകളുടെ തീരങ്ങളിൽ
നിന്നത്രെയോ അകലേയ്ക്ക്
നീങ്ങിയിരിക്കുന്നു ഉൾക്കടൽ...
No comments:
Post a Comment