മൊഴി
ലോകത്തിൻ
ഭൂപടം ചുരുങ്ങിയൊതുങ്ങി
മഷിതുള്ളികളിലലിഞ്ഞു മാഞ്ഞു
ഭൂമി വിദ്യാരംഭത്തിൻ
ആദ്യക്ഷരവുമായ്
പ്രഭാതമണ്ഡപത്തിൽ..
ആവരണങ്ങളിലൊഴുകിയ
അനന്തപർവത്തിൽ
അവിദ്യയുടെ
ചാർത്തെഴുതി നീങ്ങി
ഒരിടവേള
പുറമേയൊരുക്കിയ
കമാനങ്ങൾക്കരികിൽ
പ്രാചീനപുരാണങ്ങളോടൊപ്പം
കല്പിതസൃഷടികൾ
തിരുവെഴുത്തുകൾ
മായ്ച്ച തിരക്കഥയിൽ
തിങ്ങിക്കൂടി
കല്പനകളുടെ
കാലികഭാവം..
അനുസ്വരങ്ങളുടെയിടയിൽ
പ്രതിശ്രുതിയെന്നപോൽ
കടൽ
കാണാതായ ദിക്കുകൾ
വളർന്ന ഗ്രഹാന്തരയാത്രയിൽ
അരികിലേയ്ക്കു വന്നു
നക്ഷത്രവിളക്കുകൾ..
വിരൽതുമ്പിൽ തടഞ്ഞ
ഒരു മണൽതരിയിൽ
ആവരണങ്ങളണിയാത്ത
ലോകത്തിനൊരു മുഖം..
No comments:
Post a Comment