മൊഴി
ആഴക്കടലളന്നളന്നന്നൊഴുകിയ
തിരകൾക്കുള്ളിലുടഞ്ഞുതീർന്ന
ദിനാന്ത്യങ്ങളിൽ
എഴുതിമുഴുമിപ്പിക്കാനാവാത്തൊരു
കഥയുമായിരുന്നു തീരം
മഴതുള്ളിയിലൂടെ
മനസ്സിലേയ്ക്കൊഴുകി
പാരിജാതപ്പൂവുകൾ പോൽ
മൃദുസുഗന്ധമോലും
കാവ്യാക്ഷരങ്ങൾ
ദിനാന്ത്യങ്ങളുടെ ചെപ്പിൽ
സൂക്ഷിക്കാൻ സായന്തനമൊരുക്കി
ശീവേലി വിളക്കുകൾ
കെടാവിളക്കുകൾ കെടുത്തി
ശിരോരേഖകൾ നടന്നുനീങ്ങിയ
വഴിയിൽ മഴയിലലിഞ്ഞ്
തുളസിത്തളിരുകളുണർന്നു
ഒരോയിതളിലുമനേകവ്യവസ്ഥകളുമായ്
വന്നുനിന്ന പരമ്പരകളുടെ
കല്പ്നനകൾക്കരികിൽ
എതിർമൊഴിയുമായിരുന്നു ഭൂമിയുടെ
നിയോഗങ്ങൾ
ശിശിരമെറിഞ്ഞുടച്ച
കലശക്കുടങ്ങളിലൊഴുകിയ
തീർഥജലം നുകർന്നുണർന്നു
ആകാശമെഴുതി ഭദ്രമായ്
സൂക്ഷിച്ച ഋതുഭേദങ്ങളുടെ
കവിത..
തഥാഗത തപോമുദ്രയിൽ
നിഴൽ വീഴ്ത്തിയ
യുഗപർവങ്ങൾ
തീരാക്കടമിട്ടൊഴുകിയനാളിൽ
ചില്ലുപാത്രത്തിലളന്ന
ഭൂമൺ തുണ്ടുകളിലൊന്നിൽ
ഹൃദ്സ്പന്ദങ്ങൾ
കടലിൻ ശ്രുതിയായി..
No comments:
Post a Comment