Wednesday, February 29, 2012


പവിഴമല്ലിപ്പൂവുകൾ


വേനൽസൂര്യൻ
തീയിലേയ്ക്കിട്ട
കാവ്യങ്ങൾ
കരിഞ്ഞുചാരമായപ്പോൾ
കാലരഥമതിലോടിയ
മുദ്ര കാണാനായി
വീണ്ടുമൊരു മഴക്കാലത്തിൽ
അവിടെ തളിരിട്ടു
പവിഴമല്ലികൾ


നെരിപ്പോടുകൾ പുകയ്ക്കും
മഷിതുള്ളികൾക്കരികിൽ
മഴതുള്ളിക്കവിതകളുണർന്നു


ദൈന്യങ്ങളതിരിട്ട
മുള്ളുകമ്പികളിലുടക്കിക്കീറിയ
മരതകച്ചേലയിൽ
നക്ഷത്രങ്ങൾതുന്നിചേർത്തു
സ്വർണ്ണപ്പൊട്ടുകൾ


മിനുക്കിതേച്ച ഓട്ടുവിളക്കിൽ
എണ്ണതിരിയുണരുമ്പോൾ
സന്ധ്യയെഴുതി
രുദ്രാക്ഷങ്ങളിലെ കവിത


ആകാശം നീർത്തിയിട്ട
വിതാനത്തിനരികിൽ
അരുളപ്പാടുകൾ കേട്ടുമതിവന്ന
ആർദ്രനക്ഷത്രം മിഴിയിലേക്കിട്ട്
ഒരു കാവ്യചിന്ത്


പതാകൾക്കരികിൽ
അതിരുകൾ പണിത
മതിലുകൾ പണിത
ആകുലതകൾ
ലോകമായ് മാറി


പവിഴമല്ലിപ്പൂവുകൾക്കരികിൽ
തിരക്കില്ലാത്ത
ഏകതാരയിലെ
ഹൃദ്യമാമൊരു സ്വരം
ഹൃദ്സ്പന്ദനത്തിലലിഞ്ഞു.. 

No comments:

Post a Comment