മൊഴി
ഭൂമിയേകി
ഒരരയാൽ മരം
അതിന്റെയോരോയിലക്കനത്തിനിടയിലും
കാണുമാകാശമൊരു കവിതയായി
ആൾക്കൂട്ടത്തിനാരവത്തിനിടയിൽ
കാവ്യഭാവമൊഴുകും മനസ്സ്
പിന്നോട്ടോടിമറയില്ല
ഒരു കടൽത്തീരത്തേയ്ക്കത്
മെല്ലെ നടന്നുനീങ്ങും..
ചിന്നിച്ചിതറിയ
മൺ തരികൾക്കിടയിൽ
മുളച്ചുപൊന്തി
അഹം എന്നെഴുതിയടിവരയിട്ട
അസംഖ്യം കോരകപ്പുല്ലുകൾ
മിഴിതുറന്നുനോക്കിക്കണ്ട
ലോകത്തിലെ ദു:സ്വപ്നങ്ങൾക്കിടയിലും
ഒരു വിളക്കുമായ് അരികിലിരുന്നു
ആകാശത്തിലെയൊരു നക്ഷത്രം
ഉടഞ്ഞുതീർന്ന
ചില്ലുകൂടിനരികിലൊഴുകിനടന്നു
അവർണ്ണനീയമായ
ഒരതിശയഭാവം
പ്രദർശനശാലകൾക്കരികിൽ
നിന്നും നടന്നകന്ന
ഭൂമിയുടെയൊരു ചെപ്പിൽ
നിറഞ്ഞു തുളുമ്പി
സ്വരങ്ങൾ,വ്യഞ്ജനങ്ങൾ,
മുദ്രകൾ..
സഹനത്തിനന്ത്യത്തിൽ
ഒന്നുമുണ്ടാവില്ല
കടൽ ചക്രവാളത്തിലെത്തി
നിൽക്കും പോലെ..
No comments:
Post a Comment