മൊഴി
ഭൂമിയുടെ
ഹൃദ്സ്പന്ദനങ്ങൾ
അളന്നും തൂക്കിയും
ഒളിപാർത്തുമിരിക്കുന്നു
അറിവില്ലായ്മയുടെ
തനിപ്പകർപ്പുകൾ..
വിവർത്തനത്തിലെ
ഗ്രീഷ്മത്തിനാദ്യപാദത്തിൽ
തന്നെ ഗോപുരമുടഞ്ഞുവീണു
പിന്നെ രാജ്യമുടഞ്ഞു
പതാകകൾ കീറിപ്പോയി
നിവർന്നിരുന്ന ശിരസ്സുകൾ
താഴ്ന്നു
അതിന്റെ ദേഷ്യം
മുഴുവനവൻ തീർക്കുന്നതോ
ഭൂമിയുടെ കാവ്യങ്ങളോട്
വേനലിൽ കരിയുന്നതിൻ മുൻപേ
പുഴയ്ക്കൊരു സ്വാഭാവികതയുണ്ടായിരുന്നു
ഒരാത്മീയഭാവം, ഒരു തിളക്കം
വേനലിൽ കത്തിതീർന്ന
ഇന്നുകാണും പുഴയോ
അസ്വാഭാവികതയുടെ
കൃത്രിമച്ചോല..
തർജിമക്കാരന്റെ
പ്രധാന ജോലി
ഭൂമിയെ തുണ്ടുതുണ്ടാക്കുക
എന്നതായി ചുരുങ്ങിയിരിക്കുന്നു..
ഭൂമിയ്ക്കതു കണ്ടുകണ്ടിന്നൊരു
നേരമ്പോക്കുമായിരിക്കുന്നു..
ഭംഗിയേറിയ കവിതകൾക്കിടയിൽ നിന്നും
എത്രകഷ്ടപ്പെട്ടിട്ടായിരിക്കും
അയാൾ മോശപ്പെട്ട തർജ്ജിമകൾ
ശേഖരിക്കുന്നത് എന്നൊരു
അതിശയവും ഭൂമിയ്ക്കുണ്ടാവുന്നു..
ആകാശവാതിലിനരികിൽ
നിന്നൊഴുകിയിറങ്ങട്ടെ
സർഗങ്ങൾ..
മൊഴിയിൽ നിന്ന്
കടലുമൊഴുകട്ടെ
സ്വാഭാവികമാം
ലയവിന്യാസത്തിൽ
ഹൃദ്സ്പന്ദനങ്ങളിൽ
കവിതയുണരട്ടെ...
No comments:
Post a Comment