Tuesday, February 21, 2012


മൊഴി


സ്വർണ്ണം കെട്ടിയ
രുദ്രാക്ഷങ്ങളുടഞ്ഞുതീരുംവരെയും
രുദ്രതാണ്ഡവത്തിൻ മുഴക്കം 
ആകാശത്തിലും കേൾക്കാനായി


വിളംബകാലമൊരു
പദം മറന്ന പല്ലവിയിൽ
കുറെയേറെ സ്വരങ്ങൾ
നിരതെറ്റിവീണു


വിരലിൽ നിന്നൂർന്നുവീണ
മൺ തരികളിലൂടെ
രാഗമാലികയിലെ
ആനന്ദഭൈരവിയുമൊഴുകിമാഞ്ഞു


തിരക്കേറിയ പാതകളിലൂടെ
നീങ്ങിയ സംവൽസരങ്ങളിലെ
നവ്യഭാവങ്ങൾക്കരികിൽ
നൂൽതുമ്പിലെമുത്തുകൾപോലെ
അക്ഷരങ്ങളൊഴുകി


എഴുതിതീർക്കുമൊന്നൊരിക്കലെങ്ങോ
മനസ്സിൽ കണ്ട സമുദ്രത്തിനരികിൽ
എഴുതിതീരാത്ത തീരം


ആകാശത്തിന്റെയൊരരികിൽ
കടലോളം വളരും
ചക്രവാളത്തിൻ
അനന്തദൂരം..



No comments:

Post a Comment