മൊഴി
പ്രദക്ഷിണവഴിയിൽ
ആയുർദൈന്യത്തിൻ
സ്ഫടികപ്പാത്രമുടഞ്ഞ
ചില്ലുകൾ ..
ഉപഗ്രഹദൃഷ്ടിയിൽ
നിന്നകന്നുകന്നുനീങ്ങും
പ്രപഞ്ചം..
ധനുമാസം തൂവിയ മഞ്ഞിൽ
മങ്ങിക്കത്തും ചുറ്റുവിളക്കുകൾ
വിരലിൽ തണുക്കും വർത്തമാനകാലം
കനകദേവാലയങ്ങൾക്കരികിൽ
ഇരുണ്ട പതാകതുമ്പിൽ നിന്നിറ്റുവീഴും
അനശ്ചിതത്വവിപ്ലവം..
നിർണയം വെറുമൊരു
നിമിഷത്തിനസ്ഥിരത...
തിരിതാഴ്ത്തി
വിഭൂതിയിൽ മറഞ്ഞിരിക്കും
ത്രിനേത്രാഗ്നി..
രുദ്രാക്ഷമുടഞ്ഞ ഒരു
താണ്ഡവം..
ജപമാലയിലെ ഒരിതൾ..
നീർത്തിയിട്ട ആകാശത്തിനും
ചുറ്റിനിൽക്കും ചക്രവാളത്തിനുമരികിൽ
മഹാതത്വമെഴുതിനിൽക്കും ബോധിവൃക്ഷം
നിഴലും തണലും
മാഞ്ഞില്ലാതെയാവും
പ്രഭാതം...
No comments:
Post a Comment