Sunday, January 15, 2012

ഹൃദ്സ്പന്ദനങ്ങൾ


അഗ്നിയിലൂടെ മേഘമാർഗവും
കടന്നെത്രയോ ബഹിരാകാശയാനങ്ങൾ
സമുദ്രത്തിലേയ്ക്കൊഴുകിനീന്തിയ
പാതിവഴിയിൽ നിശ്ചലമായ
പരിരക്ഷിതതീർപ്പുകൾ
ഇടയിലെ നിമിഷങ്ങളിൽ
നിഴൽപ്പാടങ്ങളിൽ മാഞ്ഞ
ഹൃദ്സ്പന്ദനകാവ്യഭാവം..
മറയിട്ട് മറക്കുടയുമായ് നിന്ന
ധർമ്മസങ്കടങ്ങൾ...
തിരശ്ശീലമാറ്റിയരങ്ങിലേറിയ
നാടകശീലുകൾ...
കാണാനായവയ്ക്കപ്പുറം
കാണാനായതൊരാകാശം
മായ്ച്ചുനിന്ന മേഘതുണ്ട്..
സംഘർഷഭരിതമെങ്കിലും
ശാന്തിയുടെയക്ഷരങ്ങൾ
തേടിയലയും സംവൽസരങ്ങൾ...
മിഴിയിണയിൽ കണ്ട ലോകമൊരു
ഇലയനക്കത്തിലുലഞ്ഞ പൂവിതൾ..
ഏതു നിമിഷത്തിലാവും
സ്പന്ദനതാളം തെറ്റിയ
ഹൃദയം യാഥാർഥ്യങ്ങളിൽ
നിന്നകന്നുനീങ്ങിയത്..
ഏത് മഷിപ്പാടിലൂടെയാവും
നെരിപ്പോടിലെയഗ്നിസ്ഫുലിംഗങ്ങൾ
ഹോമപാത്രങ്ങളിൽ വളർന്നുയർന്നത്..
മറന്നിട്ടൊരുറുമാൽതുമ്പിലെ
ചിത്രം പോൽ
മറക്കേണ്ടവയെല്ലാമോർമ്മയിലേയ്ക്കിടും
വർത്തമാനകാലം...
താരതമ്യങ്ങളിലളന്നളന്ന്
തൂക്കം തെറ്റിയ തുലാസിലെ
ഒരു തട്ടിലുടഞ്ഞ സ്വപ്നങ്ങളിൽ
നിന്നൊഴുകിവരുന്നു
നിർമ്മമാമൊരു ഗാനം
ഹൃദ്യമതിൻ വരികൾ...
എങ്കിലും ചിലനേരങ്ങളിലതിൽ
ലഘൂകരിക്കാനാവാതെ വളരുന്നു
ചില്ലുകൂടിനുള്ളിലായ
ഹൃദ്സ്പന്ദനങ്ങളുടെ
അതിദ്രുതലയം..

No comments:

Post a Comment