Monday, January 2, 2012



ശംഖ്
മിഴിതുറന്നുകാണും
പ്രപഞ്ചമൊരു വിസ്മയം
തീർപ്പെഴുതി നീങ്ങും
വിഭിന്നഗതികൾ..
ഒരുചിന്തയുടെ ചിതറിയ
പുസ്തകത്താളിൽ
ശിരസ്സുതാഴ്ത്തിനിൽക്കും
തപാൽ മുദ്ര പതിഞ്ഞ
മേൽ വിലാസം
ഉടഞ്ഞ ദർപ്പണത്തിൽ 
കാണാനിടവന്ന മുഖാവരണം..
അത്രമാത്രം..
ഭൂപാളത്തിനരികിലായിരമപസ്വരമെഴുതി
ആൾക്കൂട്ടത്തിനാരവമായ് മാറ്റും കുലം..
ചുരുങ്ങിയ വിതാനങ്ങൾക്കരികിൽ
നീർത്തിയിടും ഭീക്ഷ്മപർവം...
ശരകൂടത്തിലിനിയേതസ്ത്രം?
തളരുന്നുവോ ഗാണ്ഡീവം..
മിഴിയിൽ നിറയും
ആകാശനക്ഷത്രങ്ങളിലൂടെ
കാണാനാവുന്നു ശേഷിപ്പിന്നരുളപ്പാടുകൾ...
തണുത്തിരിക്കുന്നു പലതും
ശൈത്യകാലം പോലെ..
ഉൾവിളിയുടെയുണർവ്
പ്രണവം..
കാൽതട്ടിവീണ കൽപ്പടവിൽ 
ശംഖ്
കടലെഴുതും കവിത....










No comments:

Post a Comment