ശാന്തിനികേതനം...
ചുറ്റിയിട്ട കടും കെട്ടഴിക്കാതെ
മനസ്സാക്ഷിയെ
ദീർഘചതുരപ്പെട്ടിയിലാക്കി
ഘോഷയാത്രയ്ക്കൊരുങ്ങിയ
ചരിത്രരേഖയുടെ മുദ്ര പതിഞ്ഞ
സമതലങ്ങൾ മുന്നിൽ..
അരികു ചെത്തിയാത്മാവിൻ
മുറിവുകളിലുളിചേർത്തു രാകും
മഷിക്കുപ്പിയുടെ ചില്ലുകൾ
ഭൂഹൃദയസ്പന്ദങ്ങളുടെ
ഫലകങ്ങളുടച്ചുടച്ച്
മേൽ വിലാസം നഷ്ടമാക്കിയ
മേൽക്കോയ്മകൾ
മഹാധമിനികളിൽ തുളുമ്പും
കാവ്യസർഗവുമായ്
സോപാനത്തിനരികിലിരിക്കും
സ്വരങ്ങൾ..
തിരശ്ശീലകൾക്കരികിൽ
ദർപ്പണത്തിൽ കണ്ട
ലോകത്തിനിരുവശത്തും
ഋണപ്പൊട്ടുകൾ
ശിരസ്സിൽ
ആൾക്കൂട്ടം കരുതികൂട്ടിയേറ്റിയ
കൽതുണ്ടുകളുടെ ഭാരം
ഹൃദ്സ്പന്ദനങ്ങളിൽ
ആകാശവാതിലുകൾ
ഭദ്രമായുടയാതെസൂക്ഷിക്കും
കവിത..
ചായം തേച്ചു മിനുക്കിതൂത്ത
അന്യായപ്പണചെപ്പിലെഴുതിയിടും
മഹത്വം
ഭൂമിയുടെ പ്രദിക്ഷണവഴിക്കന്യം...
അതൊരു മഹത്വപൂർണ്ണമേറിയ
കൃതിയെന്നെഴുതിഫലിപ്പിക്കും
വിഫലയത്നം
കണ്ടുകണ്ടുണ്ടായൊരത്യുൽക്കടരോഷം
സ്വാഭാവികതയുടെ മുഖമുദ്ര
മൺതരികളിൽ
മഷിതൂവിയ പാടുകൾ;
ഒരു മഴക്കാലമതുമൊഴുക്കി മായ്ച്ചേക്കും
പിന്നെയുള്ള തുരുമ്പുവീണടരും
ചങ്ങലക്കണ്ണികളും
മണ്ണിലലിഞ്ഞേക്കുമൊരു നാൾ..
മുഖപടമഴിയും വരെയും
ഭൂമിയാമുഖത്തേയ്ക്കൊന്നു
നോക്കിയിട്ടുപോലുമില്ലയെന്നതൊരു
സത്യം..
ശിരോപടങ്ങൾക്കുള്ളിൽ
ചാരം പൂണ്ട മനസ്സതിവിദഗ്ദമായ്
ഒളിപ്പിച്ചൊരു മുഖത്തോടുള്ള
അതിരോഷം ശമിക്കുന്നുമില്ല..
ഭൂമിയ്ക്കുമുണ്ടാകും
ചില ചോദ്യങ്ങൾ
ഒന്നും മനസ്സിലില്ലാത്തൊരാൾ
അന്യായപ്പണക്കിഴിയിലെ
വിലയില്ലാനാണയങ്ങളാൽ
പ്രതികർമ്മത്തിനൊരുങ്ങുമോ?
ആ പ്രതികർമ്മം
ഒന്നും മനസ്സിലില്ലാത്തയാളുടേതാവില്ലെയന്ന്
ആകാശവാതിലുകളെഴുതുന്നു..
മുഖവുരകൾ കേട്ടും
കഥാന്ത്യങ്ങളുടെ ശൈത്യത്തിൽ
നിന്നകന്നും
ഭൂമിയും പണിതുണ്ടാക്കിയിരിക്കുന്നു
ഒരു ലോകം
ഉടഞ്ഞ ചില്ലുകളും
അടർന്നുവീണ മൺ തരികളും
അന്യായത്തിനെതിരായെഴുതിയൊരെതിർമൊഴിയും
ആകാശനക്ഷത്രങ്ങളും
ഭൂപാളസ്വരങ്ങളും
പുണ്യാഹമന്ത്രം തൂവും
മഴതുള്ളികളും
പ്രദോഷരുദ്രാക്ഷങ്ങളും
എല്ലാം നീർത്തിയിട്ടൊരു
ലോകം
മനസ്സിനും ഹൃദയത്തിനുമായൊരു
ശാന്തിനികേതനം...
No comments:
Post a Comment