Thursday, January 26, 2012



ഹൃദ്സ്പന്ദനങ്ങൾ

ചുറ്റുവലയങ്ങളിൽ
നിന്നിഴതെറ്റിവീഴുന്നു
ആയുഷ്ക്കാലദൈന്യം...


പകുത്ത ഗ്രന്ഥത്തിൽ
നിന്നൊരു പവിഴമല്ലിപ്പൂവ്
വിടരുന്നു..
അതിൽ നിറയെയും
നനുത്തതും  മൃദുവുമായ
അക്ഷരങ്ങൾ..


കരിഞ്ഞ പൂവുകൾ
തടുത്തുകൂട്ടി ചിതയിലിട്ട്
പടിയിറങ്ങിപ്പോയ
ഋതുക്കൾ
സൂക്ഷിക്കാനേകി
ഭൂമൺ തരികൾ..


ശരത്ക്കാലമൊരു
നേരിയത്  തുന്നിയ
കനൽ വർണം 
കൈവിരൽതുമ്പിലെഴുതിയിട്ടു
പൂർവാഹ്നത്തിൻ മുദ്ര..


കുടമണി കുലുക്കി
രഥം നീങ്ങിയപ്പോൾ
ഉടഞ്ഞ വരിക്കല്ലുകൾ
ചിതറിതെറിച്ചുടഞ്ഞ
ചില്ലുവാതിലിലൂടെ
ദു:സ്വപ്നങ്ങൾ ശിരസ്സിലേറി
കൂടുകെട്ടിപാർത്തു


ഗ്രന്ഥപ്പുരകളിൽ
ഉറക്കം മറന്നൊരു കവി തിരയുന്നു
തൊടുക്കാനാകാശത്തേയ്ക്കൊരസ്ത്രം..


ദിനാന്ത്യത്തിലൊരു ആകാശഥമതിൽ
നിന്നൂർന്നിറങ്ങിയ
ദേവദാരുപ്പൂക്കളുമായ് വന്ന നക്ഷത്രങ്ങൾ 
സന്ധ്യാവിളക്കിനുള്ളിലെ 
പ്രകാശത്തിലലിയുന്നു..


പലേ പുസ്തകങ്ങളിലും
തട്ടിയുടക്കി മനസ്സിനുമൊരങ്കലാപ്പ്
മനസ്സിനെയൊരു ചട്ടക്കൂടിലാക്കി
ചെമ്പകപ്പൂവിതളിലാക്കി
കൽപ്പെട്ടിയിലൊളിച്ചു
സൂക്ഷിക്കാനായെങ്കിൽ..







No comments:

Post a Comment