ഹൃദ്സ്പന്ദനങ്ങൾ.
ന്യായപ്പുസ്തകത്തിൽ
പലരുമെഴുതിയിടുന്നു
അന്യായത്തിനൊരുവശം
ചെരിഞ്ഞ തൂക്കം
അയാൾ ചെയ്തുകൂട്ടിയ
ദ്രോഹമനുഭവിച്ചതവരായിരുന്നില്ല....
അതിനാലാവുമവർ ന്യായത്രാസിൽ
അന്യായം തൂക്കിപ്പെരുപ്പിക്കുന്നത്
ആരവമൊതുക്കാനാവശ്യപ്പെടുന്നു
ആർഭാടങ്ങളിലാറാടുന്നവരുടെ
അകമ്പടിക്കാർ..
ഭൂഹൃദ്സ്പന്ദനങ്ങളവരുടെ
സേവകരുമല്ല...
ഉദ്യാനങ്ങളിലേക്ക്
ഒരു മുൾക്കീറിട്ടു
ഇന്നൊരു വിവേകത്തിൻ
അവിവേകം
ഉൾക്കാഴ്ച നഷ്ടപ്പെട്ടവർക്കായ്
നക്ഷത്രങ്ങൾ
കവിതയെഴുതുകയുമില്ല..
വിവർത്തനകവി
അരികിലൊരു
നിലാവിനിലക്കീറിട്ടെഴുതുന്നു
മഹത്വം
ഒരിക്കലതിനൊരു
മഹത്വം കണ്ടിരുന്നു
എഴുതിതൂക്കി പൊലിപ്പിച്ച്
ഇന്നതിനൊരു സാധാരണത്വം
അനതിശയമായൊരു
വിസ്മയം പോലെ
വളരുന്ന വിഷമവൃത്തങ്ങളിൽ
നിന്നകലെ മനസ്സിലേയ്ക്കൊരു
കുളിർമ്മയായ്, സാന്ത്വനമായ്
എഴുത്തുൽസവങ്ങളുടെ
അരുളപ്പാടുകൾക്കകലെ
ശാന്തിനികേതനം...
ഇരമ്പും കടലിനരികിൽ
ഇന്നലെ ശംഖിലെഴുതി
ഒരുത്സവകാലകൃതി
ഇന്നേയ്ക്കൊരു സ്വരം
സായന്തനം
കൽത്തൂണിനരികിൽ
എഴുതിയിടുന്നു..
ദർപ്പണങ്ങൾ
കാട്ടിയ മുഖങ്ങളിൽ
നിഴലനങ്ങിയിരുന്നു
ഒരു നാളതുടഞ്ഞു
അതിൽ നിന്നൊഴുകീ
അനേകം നിഴൽപ്പൊട്ടുകൾ
ഇമയനക്കത്തിൽ
കണ്ട ലോകം തന്നു
ഒരായിരം വിചിത്രസ്പനങ്ങൾ...
നക്ഷത്രങ്ങളേകി
നനുത്ത കാവ്യഭാവമുള്ള
അമൃതുതുള്ളിപോലുള്ള
സ്വപ്നങ്ങൾ...
എഴുതിമുഴുമിപ്പിക്കാത്ത
ഒരദ്ധ്യായത്തിൽ
ഇടയ്ക്കിടെ പ്രകമ്പനം
കടലിൽ തിരയേറ്റം
കണ്ടുനിൽക്കുന്നവർക്കറിയാനുമാവില്ല
ചില്ലുകൂടിനുള്ളിലെ
ഹൃദ്സ്പന്ദനങ്ങൾ..
No comments:
Post a Comment