ഓർമ്മപ്പുസ്തകം
ഓർമ്മപ്പുസ്തകത്തിലെ
ഒരു താളിൽ
വിറങ്ങലിക്കുന്നു
ചരിത്രമെഴുതിയുണ്ടാക്കിയ
പേനതുമ്പിന്റെ പോറൽ
കാലം തൂത്തുമിനുക്കി
സുഗന്ധദ്രവ്യം പൂശിയൊരുക്കട്ടെ
ശ്മശാനങ്ങൾ...
അവിടെയും കാണാനായേക്കും
കവിതയുടെ
നുറുങ്ങുതരികൾ....
പറയേണ്ട രീതിയിൽ
പറഞ്ഞു പലവട്ടവും
അതിനാലിന്ന്
വേറൊരു രീതിയിൽ
പറയേണ്ടിവന്നതിൽ
വ്യസനമുണ്ടാവേണ്ടതുമില്ല.
മിഴിനീരുണങ്ങിയ
വയൽ വരമ്പിൽ
പകലെഴുതിയ കവിത
സായന്തനസർഗം..
ഘോഷയാത്ര നടന്നുനീങ്ങിയ
വഴിയിലെ നിഴലിനരികിലും
കണ്ടു
ഒരു ചോദ്യചിഹ്നം..
മുദ്രകൾ താഴ്ത്തി
തിരശ്ശീലയ്ക്കുള്ളിൽ
മുഖം മറയ്ക്കുമ്പോൾ
കാണാനായി
തോരണങ്ങൾ പോലെ
അതിനിടയിൽ
മുഖാവരണങ്ങൾ..
മുന്നോട്ടു നടന്നപ്പോൾ
പിന്നോട്ടു വിളിച്ചു
വർത്തമാനകാലം
അവിടെ ത്രിദോഷങ്ങൾ
ഗ്രഹങ്ങളുമായേറ്റുമുട്ടി..
നക്ഷത്രങ്ങൾ
ദൂരേയ്ക്കോടിപ്പോയി...
No comments:
Post a Comment