മൊഴി
ഉണർവിന്റെയക്ഷരങ്ങൾ
നൈമിത്തകപ്രളയവും
കടന്നൊരീറൻ സന്ധ്യയുടെനൈമിത്തകപ്രളയവും
മൺദീപങ്ങളിലെ
പ്രകാശമായ് മാറുന്നു
വഴിയോരത്തൊരെഴുത്തുകാരന്റെ
പുസ്തകം
അതിലുമുണ്ടാവും
ആയോധനകലയുടെയംശം
പകലിനരികിൽ തുള്ളിയോടിയ
നിഴൽക്കൂട്ടത്തെയോർത്ത്
ഭൂമിയെന്തിനാകുലപ്പെടണം
ലഘൂകരിക്കാനാവാത്ത
ഭാരങ്ങൾ അങ്ങനെതന്നെയിരിക്കട്ടെ
എടുത്തുതൂക്കിയുടച്ചൊതുക്കിയാലും
അതങ്ങനെ തന്നെ മഷിതുള്ളികൾ
വീണ്ടും മുന്നിലേയ്ക്കിടും
നെരിപ്പോടിലെ പുക പോലെ..
ഉപഭൂഖണ്ഡത്തിനൊരരികിൽ
ഒരു പുസ്തകത്താളിൽ
എഴുതിയിടും കവിതയിലലിയട്ടെ
മൊഴി..
ഭൂഗീതങ്ങളുലച്ച
കിരീടങ്ങളുടെ
മങ്ങിയ പ്രകാശത്തിനരികിൽ
എത്ര സംവൽസരങ്ങളുടെ
ഓർമ്മക്കുറിപ്പുകൾ
തീരത്തിനരികിലൊരു
മൺചെപ്പിലൊളിക്കാനാവാതെ
മനസ്സിലെ കടൽ
ചക്രവാളത്തിനരികിൽ
ആകാശത്തെ തൊട്ടുതൊട്ട്...
No comments:
Post a Comment