മൊഴി
പ്രഭാതത്തിൻ
മഞ്ഞുതരിയിൽ കുളിർന്ന
ബാബിലോണിയൻ പൂവുകൾ
ആകാശത്തിലൂടെ
പറന്നുവന്നുവിരലുരുമ്മി
മനസ്സിലൊരു പൂക്കാലം തീർക്കുന്നു
വരിതെറ്റിയ വഴിക്കല്ലിലുടക്കിയ
സ്വപ്നങ്ങൾ മിഴിയിലെയൊരു
നക്ഷത്രവിളക്കിലൊളിക്കുന്നു..
അറിഞ്ഞുമറിയാതെയും
പകൽ വെട്ടത്തിലൂടെയോടിയ
നിഴലുകളിലൂടെ നീങ്ങിയ
അപരാഹ്നവും കടന്ന്
ദീപാന്വിതമാം സന്ധ്യയുടെ
ജപമാലയിൽ തിരിഞ്ഞ്
നിദ്രയിലായ ലോകമുണർന്ന
പണിതീരാത്തൊരു ദേവമൂലത്തിനരികിൽ
സ്വരങ്ങളെഴുതിയിടും കൽശിലകൾ....
ഇലച്ചീന്തിലൊരു കനൽ
മുകിൽച്ചീന്തിലൊരുകുടം മഷി
അടർന്നുവീണ ദിനങ്ങൾക്കൊരു
സാക്ഷ്യം
നൈശ്രേയസം..
No comments:
Post a Comment