മഴതുള്ളികൾ
ആദ്യകവിതയിൽ
ആർദ്രമായൊരു മഞ്ഞുനീർക്കണം
അതിന്റെ വർണം
മിഴിയിലൊഴുകിയൊരു
മഴതുള്ളിയായി..
ആകാശവർണക്കൂട്ടുമായ്
ഒരാൾ ഭൂമിയ്ക്കരികിൽ
ഭൂമിയ്ക്കിഷ്ടം ഹരിതവനങ്ങളെന്നുപോലും
അയാൾക്കറിയില്ലായിരുന്നു
മഷിപ്പാത്രങ്ങൾക്കരികിൽ
സ്വയം ചിന്തിക്കാനറിയാത്തവർ
നിറങ്ങൾ പരീക്ഷണശാലയിലുരുക്കുന്നു..
ഒരോ ഋതുക്കളും
ഒരോ ദു:ഖങ്ങൾ
ഒരോ ദു:ഖത്തിനരികിലും
ഒരു മഴതുള്ളിക്കവിത
നിരതെറ്റിയ കല്ലുകൾക്കിടയിൽ
തെറ്റിവീണൊരുരു വാക്കുടഞ്ഞു
ഉടഞ്ഞ വാക്കിനരികിൽ
ഉൾക്കടൽ.
നിറം ചേർത്ത കഥകൾക്കരികിൽ
നിറപ്പകിട്ടില്ലാതെയിരുന്നു സത്യം
ജനുവരിയിലെയൊരു പ്രദോഷത്തിൽ
വില്വപത്രങ്ങൾക്കരികിൽ
തണുത്ത വിപ്ലവത്തിനരികിൽ
ചരിത്രതാളുകൾക്കിടയിൽ
രാജ്യപതാക മുഖം താഴ്ത്തിയിരുന്നു..
അനേകമനേകം ദിനങ്ങളിൽ
നിന്നിറ്റുവീണ മുത്തുകളിൽ
ഒരു സർഗം...
അനന്തകാലത്തിനിടയിലഗ്നി
രഥങ്ങളിൽ പടയോട്ടത്തിന്റയിത്തിരി
പൊടിമണ്ണ്
ഇടവേളയിലെഴുതിയ
കവിതകൾക്കൽപ്പം കഠിനത
മഴയിലിലഞ്ഞ കാവ്യത്തിനൊരു
തണുപ്പ്...
മൗനം ലംഘിച്ചൊഴുകിയ
കടലിനരികിൽ തിരകൾ
മൺ തരിയിൽ
കടലിൻ കവിത..
No comments:
Post a Comment