പ്രകാശമാനമായ പകലുകൾ
പ്രകാശമാനമായ
പകലിനെ തേടിയലഞ്ഞു
ഒരിക്കൽ ശരത്ക്കാലം....
അങ്ങനെയൊരു പകലിനരികിൽ
കാണാനായതൊക്കെയുടഞ്ഞിരിക്കുന്നു..
ഉടയാതെയൊരു ശംഖിലൊളിച്ചു
സൂക്ഷിക്കാമൊന്നൊരിക്കൽ കരുതിയ
നനുത്ത സ്നേഹവും ചില്ലുതരിപോൽ
പൊടിഞ്ഞു മുന്നിലൊഴുകുന്നു..
അരയാൽത്തണലിലിരുന്നെഴുതിയ
ഗ്രാമത്തിന്റെ ഹൃദയമറിയാതെ
അവിടെയുമിവിടെയും മുറിഞ്ഞ
ഗാനങ്ങളിലിനിയും
ഹൃദ്രക്തം വീഴ്ത്തുമെന്നാരോ
പറഞ്ഞുകൊണ്ടേയിരിക്കുന്നു..
എഴുതിയറ്റുവീണൊരു പഴയചരിത്ര
താളിലൂടെ രഥമോടിച്ചു നീങ്ങുന്നു
ഒരു ഋതു...
അലങ്കാരത്തിന്റെ ശീലുതെറ്റിയ
കവിതയുമായ്
ആധുനികതയവിടെയുമിവിടെയുമുടയ്ക്കുന്നു
ഹൃദ്സ്പന്ദനങ്ങൾ...
പ്രകാശമാനമായ പകലുകൾ
യാത്രയായിരിക്കുന്നു..
ഇമയനക്കത്തിൽ മായും
സ്വപ്നങ്ങൾ പോൽ
ഇതിഹാസത്തിനൊരിതളിൽ
എഴുതിയിടാം..
ചില്ലുകൂടിൽ ശ്വാസനിശ്വാസങ്ങളുറഞ്ഞുതീർന്ന
എഴുതി മുഴുവനായൊരു മഹാകാവ്യം...
No comments:
Post a Comment