Friday, January 27, 2012


ആകാശത്തിന്റെയൊരിതളിൽ


പ്രഭാതങ്ങൾ പ്രശാന്തിയിൽ
നിന്നുണർന്ന നാളുകൾ
ഒരു വിദൂരസ്വപനമെന്നപോൽ
മാഞ്ഞിരിക്കുന്നു
ജപമാലയിലെ ഉടഞ്ഞമുത്തുകൾ
ശാന്തിമന്ത്രങ്ങളിലക്ഷരപ്പിശകേറ്റുന്നു


ശൈത്യകാലത്തിനിലപൊഴിയും
വൃക്ഷശാഖകളിലൂടെ
മായുന്നു ഒരു ഋതു


തൊടുത്തു തീർന്ന
ആവനാഴിയിലെ ശൂന്യതയിൽ
അവശേഷിക്കുന്നു
കുറെ മഷിതുള്ളികൾ


ആകാശത്തിന്റെയൊരിതളിൽ
മുറിഞ്ഞുണങ്ങിയ ഒരു മുദ്ര
ഒരോർമ്മതെറ്റ്


തിരികല്ലിൽ തിരിയും പ്രാചീനമാം
പുരാണങ്ങളിൽ നിന്നും
ചരിത്രതുണ്ടുകളിൽ നിന്നും
അടർന്നുവീണ
ലോകത്തിന്റെയൊരു താളിൽ
വർത്തമാനകാലത്തിൻ 
സമാന്തരരേഖ..


ആദികാവ്യത്തിനിഴയിൽ
ഘനീഭവിച്ച മേഘദൈന്യം
താഴിട്ടുപൂട്ടിയൊരറകളിൽ
ചെമ്പക്പ്പൂക്കളുടെ സുഗന്ധം
ഇമയനങ്ങും നേരമോടിപ്പോയൊരു
ഋതുവിനരികിൽ
പ്രപഞ്ചമൊരു സങ്കീർത്തനമന്ത്രത്തിൻ
ആദ്യക്ഷരം...



No comments:

Post a Comment