മൊഴി
വിരലിലുരുമ്മുമക്ഷരങ്ങൾ
കനൽതൂവുന്നു മുന്നിൽ
അതിലുമുണ്ടായേക്കാം
ഇന്ത്യൻപതാകയുടെയൊരു തുണ്ട്..
താഴെയൊഴുകുന്നതൊരു കാലം
ഇടയിലൊഴുകുന്നതൊരു കാലം
ഇടവഴിയും കടന്നവിടെയുമിവിടെയും
കടന്നൽക്കൂടുകൾ
തിരയുന്നതിനിയൊരു കാലം
ത്രികാലങ്ങളുമിതിലൊന്ന്..
പരവതാനിയിലേയ്ക്ക്
കാലിടറിവീണയുഗം
ഭൂമൺ തരികളോട്
മാൽസര്യം തുടരുന്നു...
വെളിച്ചം നഷ്ടമായ
ദീപസ്തംഭങ്ങളിൽ
കൽപ്പിതകഥകൾ
കൂടുകെട്ടി...
ചാതുർവർണ്യമെഴുതിയുരുക്കഴിച്ചു
ചതുരംഗക്കളങ്ങൾ
മരവുരിചുറ്റി പിന്നോട്ടോടി
സത്യം...
മുന്നോട്ടിയ കാലത്തിനുടുക്കിൽ
തട്ടിയുടഞ്ഞ ഒരു ദർപ്പണത്തിൻ
ചില്ലുകളിൽ കണ്ടു
അവസരോചിതമല്ലാതെയൊരനൗചിത്യം...
തീരം മായ്ച്ചൊഴുകിയ തിരകൾക്കരികിൽ
ശരത്ക്കാലമൊരു ശംഖായി മാറി
അതിനുള്ളിൽ കടലുറങ്ങിക്കിടന്നു...
ഒരോർമ്മതെറ്റിനോർമ്മപോലെ
ദിനാന്ത്യത്തിൻ മൊഴിയിൽ
സായന്തനം...
നക്ഷത്രങ്ങൾ മിഴിയിലേറ്റിയ
പകലിൻ നുറുങ്ങുവെട്ടം
മൺദീപങ്ങളിൽ...
No comments:
Post a Comment