മൊഴി
മുന്നിലൊരു സ്വരം
മാർഗഴി..
നടന്നുതളരുമൊരു
നവോത്ഥാനം..
നൂറ്റാണ്ടുകളുടെ
പ്രാചീനപർവം..
പുനർവിചിന്തനം....
ദർപ്പണങ്ങളിലൊളിപ്പിക്കും
ഒരു മുഖം..
യാഥാർഥ്യം..
അടുത്തതൊരു കാഴ്ച്ചപ്പാട്
വ്യാഖ്യാനങ്ങളിലുടഞ്ഞ
ഒരു ചില്ലക്ഷരം..
അർഥം നഷ്ടമായ
ചിഹ്നം....
ആഖ്യാനമെഴുതിയെഴുതി മുഷിഞ്ഞ
ഇതിഹാസങ്ങൾ..
ഏതക്ഷരത്തിലുലഞ്ഞു
ഋതുഛത്രചാമരങ്ങൾ..
പ്രദക്ഷിണവഴിയിൽ
വളർന്നുപന്തലിച്ചതേതശ്വത്വം..
ഇലപൊഴിയുംകാലമൊരു
മൺതരിയിൽ കണ്ടുവോ
യഞ്ജപാലരുടെ കൈവിരൽ മുദ്രകൾ,
കൈപ്പിഴകൾ..
നടന്നുനീങ്ങും പകലിനൊരു
യാത്രാമൊഴി
സായന്തനം..
അടഞ്ഞ ജാലകങ്ങൾക്കൊരു വിരി..
അടയാത്ത വിടവുകൾക്കൊരളവുകോൽ
മുഖദർപ്പണത്തിലൊരു മുറിവുപാട്
നിഴലുകൾക്കൊരു തണൽ
തണലുകൾക്കൊരു നിഴൽ
പാടങ്ങൾക്കൊരു വരമ്പ്
ഉപാഖ്യാനങ്ങൾക്കൊരു
ചട്ടക്കൂട്..
ശൈത്യമഞ്ഞിലൊരു
ചോദ്യചിഹ്നം..
ചിലമ്പിലൊരു ധ്വനി
No comments:
Post a Comment