Sunday, January 15, 2012


മൊഴി
മൃദുവായ സംഗീതം
നാദതന്ത്രികളിൽ
ഹൃദ്സ്പന്ദനങ്ങളിൽ
കടലിരമ്പം.
ഒതുക്കിവയ്ക്കും
കാറ്റിൻ മർമ്മരമായ്
പ്രഭാതം..
എഴുതിർക്കാനാവാതെ
വളരുന്നു സർഗം..
എഴുതട്ടെ ഭൂമിയും
ആരുടെയൊക്കെയോ
സ്വാർഥത്തിലിറ്റും
അതിമധുരം വിളമ്പും
ചെറിപ്പഴങ്ങളാവേണ്ട
ഭൂമിയുടെയക്ഷരങ്ങൾക്ക്
താഴ്വാരങ്ങളിൽ
പകിട്ടിനായ് വർണ്ണം
സൂചിമുനയിലിറ്റിക്കും
തേൻ ഫലങ്ങളുമാവേണ്ട
ഭൂമൺ തരികൾക്ക്...
ഗ്രാമത്തിൻ തണലിൽ
അണ്ണാർക്കണ്ണന്മാർക്കിടയിൽ
വസന്തകോകിലഗാനത്തിനിടയിൽ
തേനോലും അയനിമരങ്ങൾക്കിടയിലെ
പഴങ്ങൾ..
മാമ്പൂക്കളുടെ സുഗന്ധം..
തേനിൽ മുങ്ങിയൊടുവിൽ
കഷായക്കോപ്പയിലെത്തും
മരുന്നുപുരകൾ 
കണ്ടിരിക്കുന്നു ബാല്യം .. 
അതിനാൽ തേനൂറും 
കനിയാവണമെന്നൊരു
മോഹവും ദു:ഖവും
ഭൂമിയ്ക്കുണ്ടാവേണ്ടതുമില്ല
ഹൃദയത്തിലെ ദു:ഖം
തെറ്റിദ്ധരിക്കപ്പെട്ട
ഹൃദ്സ്പന്ദനങ്ങൾ...
തെറ്റിദ്ധരിക്കേണ്ടിവന്ന
സർഗങ്ങൾ....

No comments:

Post a Comment