Friday, January 20, 2012

ശരത്ക്കാലത്തിന്റെയിലക


ശരത്ക്കാലത്തിന്റെയിലകളിൽ
സന്ധ്യാദീപങ്ങൾ..
അശോകപ്പൂവുകൾ..

വിധിന്യായങ്ങളെഴുതിയ
പുസ്തകത്തിൽ നിന്നും
ഒരേ തരംഗങ്ങളിൽ നിന്നും
എത്രയോ മുറിപ്പാടുകൾ
ഭൂഹൃദയത്തിലുണ്ടായി
അതിനെയൊന്നു ചോദ്യം
ചെയ്തപ്പോൾ
കാണാനായി
നിളയ്ക്കരികിലൂടെ, 
ചുരം കടന്നൊരു ഘോഷയാത്ര

ശരത്ക്കാലത്തിൽ
ഋതുക്കൾ ഭൂമിയെ 
ഓറഞ്ചുവർണ്ണമണിയിച്ചു
പിന്നീടൊരു മഴക്കാലത്തിൽ
ഭൂമിയതിനരികിലൊരു ചന്ദനമരം നട്ടു
അതിന്റെ ഇലകളിൽ സുഗന്ധം
ഇപ്പോൾ ചന്ദനശിഖരങ്ങൾ
ഹൃദയത്തെ
മരാളവർണ്ണമണിയിക്കുന്നു


ഹോമപാത്രത്തിൽ വീണ
ദിനങ്ങൾ നേദിച്ച
പകലിന്റെ തുണ്ടിലുടക്കിക്കിടന്നു
അക്ഷരമാല്യം


ഒരീറൻപ്രഭാതത്തിൽ
മിഴിയിൽ നിന്നൊഴുകി മഴ
പെയ്തിട്ടും പെയ്തിട്ടും
തോരാത്ത മഴ
മേഘകൗതുകം..


നിറങ്ങൾ മാറിമാറിയണിയുന്നു
എല്ലാവരും..
ചേരാത്ത നിറങ്ങൾ ഇണങ്ങുമെന്ന്
അഭിനയിച്ചും..


ചില്ലുകൂടുപണിതുനീങ്ങിയ
ഒരാളുപേക്ഷിച്ച
വിവേകത്തിന്റ്യൊരു
മൺ തരിയിൽ കണ്ടു
ഉടഞ്ഞ കുറെയക്ഷരങ്ങൾ
അതിൽ നിന്നുണർന്നു
അസ്തമയകവിതകൾ
ശിവന്റെ മൂന്നാം തൃക്കണ്ണിൽ
നിന്നുണർന്നു
സംഹാരത്തിനക്ഷരങ്ങൾ
തന്ത്രിപൊട്ടിയ വീണയിലുണർന്നു
ഉലഞ്ഞ സ്വരങ്ങൾ
ഘടികാരങ്ങളുടെയുടഞ്ഞ സൂചികളിൽ
സമയവുമല്പനേരം നിശ്ചലം നിന്നു..


മൗനത്തിൽ,
മഷിതുള്ളിയിൽ,
മൊഴിയിൽ
ചുരുങ്ങിയ ലോകത്തിനരികിൽ
കുറെ മനസ്സുകൾ
സങ്കീർണ്ണമായി...


മിഴിയ്ക്കരികിലൊരു ലോകം
മൊഴിയിലൊരു ലോകം
അതിരുകളിലൊരു ലോകം
മഷിപ്പാടിലൊരു ലോകം
ഏതാവും യാഥാർഥ്യം..
അറിയാനുമാവുന്നില്ല..


ശരത്ക്കാലത്തിന്റെയിലകളിൽ
സന്ധ്യാദീപങ്ങൾ
മനസ്സിലെ ചന്ദനമരത്തിൽ
സുഗന്ധം..




No comments:

Post a Comment