പടവുകളിലൊന്നിൽ
പടവുകളിലൊന്നിൽ
ഉടഞ്ഞുലഞ്ഞ ലോകമുദ്ര
ആൾക്കൂട്ടം തീർത്തതൊരു
ശരശയ്യ..
അണിയറയിൽ
നിറഞ്ഞു തൂവും ചായം..
അരങ്ങിലഭിനയപർവം..
തിരശ്ശീലതുമ്പിൽ തൂങ്ങിയാടും
കല്പനകൾ..
ആദിപർവത്തിന്റെ
അന്ത്യദൃശ്യം...
ചുരുങ്ങിയ നൂൽക്കെട്ടിൽ
കുരുങ്ങിയ പുൽക്കൊടി...
മഴനീർത്തിയ അദൃശ്യമേഘം
എഴുതും വിരലിൽ
നോവേറ്റിയ ജാലകചില്ല്...
കാവലെന്നരുളിയരികിലെത്തി
ത്രിശൂലമേറ്റിയ രൗദ്രം...
പതിഞ്ഞ പദങ്ങളാൽ
പടിയേറി കുടിയിരുന്ന
അരാജകത്വം....
അസ്വാതന്ത്ര്യത്തിനവകാശികൾ
അഴികൾക്കരികിൽ...
മുഖം മറച്ചുനിൽക്കുന്നു
നീതിപർവം.....
ആകാശത്തിനൊരിതൾ
അശ്വത്വവൃക്ഷം...
അരുളപ്പാടുകൾ കേട്ടു മതിവന്ന മുനമ്പ്..
പറഞ്ഞേറിപ്പോയാൽ
കമ്പോളങ്ങളിലെ
ചില്ലുകൂടിൽ മുദ്രചാർത്തി വയ്ക്കാം,
ചഷകങ്ങളിൽ നിറയ്ക്കാം
കയ്പൊഴുകും സ്മൃതി
വിവേകം..
No comments:
Post a Comment