Tuesday, January 24, 2012


ഹൃദ്സ്പന്ദനങ്ങൾ


യുഗപരിണാമത്തിൻ മുദ്രകൾ 
മേഘമാർഗത്തിലൂടെ
പർവതശിഖരത്തിൽ
വീണുടഞ്ഞ് ചിതറിയൊഴുകുന്നു
തിരകളിൽ..


നീറ്റിയ ദിനങ്ങളുടെ
ഇത്തിരി വെട്ടം
നിറം പോകാതെ
സൂക്ഷിക്കുന്നു
നക്ഷത്രദീപങ്ങൾ


പകുത്തിട്ട് പലകുറിയുടച്ച
പഴയകാലത്തിന്റെ 
നാക്കിലയിൽ
അക്ഷതം...
ദർഭപ്പുല്ല്..
എത്ര ചരമഗീതങ്ങളെഴുതി
ഭൂമിയ്ക്കായവർ


അനശ്വരകാവ്യങ്ങളിൽ
നിന്നകന്നു നീങ്ങുന്നു
അന്തർലീനമായ
ആകർഷണീയത
അവിടെയിപ്പോൾ
മാഞ്ഞുതീരാറായൊരു
നൈർമ്മല്യം..


എഴുതിതൂത്തുചുരുക്കിയ
ഭൂപടം കൈയിലെടുത്തു
ശരത്ക്കാലം...
അതിലൊഴുകി
മഹാസമുദ്രം..


ആരോ ഒരാൾ
ആരോപണങ്ങളുടെ
ഒരു കിഴി
എന്നും ഭൂമിയുടെ
വാതിലിലിടുന്നു
അതൊന്നു കൂടി തുന്നിക്കെട്ടി
തിരികെയേകുന്നു ഭൂമി..
പടിപ്പുരവാതിലിനരികിൽ
പവിഴമല്ലിപ്പൂക്കൾ
കണ്ടുണരുന്നതാവും
ഭൂമിയ്ക്ക് പ്രിയം..


പുറമേയെല്ലാം ശാന്തം
അകമേയഗ്നിപർവതങ്ങൾ
അങ്ങനെയൊരു 
ലോകത്തിലേയ്ക്കുമൊരു
യാത്ര ചെയ്യണമെന്നുമുണ്ടായിരിക്കാം
നിയോഗം ശിരസ്സിൽ..


വാക്കുകൾ
കഠിനമാകരുതേ
എന്ന് പ്രാർഥനയുണ്ട്
പക്ഷെ അങ്ങനെയായിപ്പോവുന്നു
അങ്ങനെയാക്കിയതാരെന്നെഴുതി
ഒരു പ്രബന്ധം രചിക്കണമെന്നുമില്ല..


ഈറൻ തുടുപ്പാർന്ന
പ്രഭാതങ്ങളിൽ
നടന്നുനീങ്ങുമ്പോൾ
പിന്നിൽ മറഞ്ഞ് 
ഹൃദയത്തിൽ
ചുരികയേറ്റിയ 
മുഖത്തെയറിഞ്ഞതിൻ
ഒരു നടുക്കം

ഭൂഹൃദയത്തിലുണ്ടാവാറുണ്ട്
അതിനിടയിലും
ഇന്നത്തെ പകലിനെങ്ങനെയൊരു
രക്ഷാകവചമണിയിക്കാം
എന്നൊരു ചിന്തയും 
മനസ്സിലുണരുന്നു..


കണ്ടുതീരാത്തതിനിയെന്ത്
കാണേണ്ടതിനിയെന്ത്
അക്ഷരങ്ങൾ മനസ്സിൽ
അനേകം സങ്കല്പങ്ങളൊരുക്കുന്നു.
വാനപ്രസ്ഥത്തിനരികിലുമൊരു
കാവ്യസർഗം...


മനസ്സിലെ
ചന്ദനമരങ്ങളുടെ
തണലിരുന്നെഴുതിയ
കവിതയിലിറ്റുവീഴുന്നു
മഴതുള്ളികൾ...

No comments:

Post a Comment