അവലോകനകവിതകൾ
മഷിപുരണ്ട കടലാസുകളിൽ
സ്പന്ദനലയമുടഞ്ഞ
ഹൃദയം...
ചേരികളുടെ നഗരത്തിനരികിൽ
കപടനാടകക്കാരുടെ
ഘോഷയാത്രക്കരികിൽ
മുഖം മിനുക്കുന്നവരുടെ
പ്രമാണിത്വം തൊട്ടുതൊട്ടെഴുതും
വിവർത്തനകവി...
അയാളെത്രപണം വാങ്ങിയിട്ടുണ്ടാവും
കള്ളി മുൾച്ചെടിയിൽ
സുഗന്ധമിറ്റിക്കാൻ...
അയാൾ എത്രയാളുകളെ പ്രണയിച്ചിരിക്കുന്നു
ഒരോ പ്രണയത്തെയും അയാൾ പ്രശംസിച്ചിരുന്നു..
അതിനാലയാളുടെ പ്രണയമിന്ന്
നാടകശാലയിലെയഭിനയമായി മാറിയിരിക്കുന്നു...
പിന്നിൽ നിന്നൊളിയെമ്പെയ്തവർ
സൗഹൃദത്തിന്റെ മഹത്വകാവ്യങ്ങളെഴുതിയിടുന്നു
പണപ്പെട്ടിക്കരികിൽ സ്നേഹമഭിനയിച്ച്
പൊൻ തുട്ടുകളുടെ കിലുക്കം ഹൃദ്സ്പന്ദനമാക്കി
രാത്രിയുടെയാർഭാടയാത്രകൾ...
മൗനമേ
നീ പറയാതെ പോയ
അക്ഷരങ്ങൾ വാക്കുകളുടെ
തെറ്റായിരുന്നില്ല..
മറക്കുടയിൽ നീ മറച്ചു സൂക്ഷിച്ച മുഖവും
വാക്കുകളുടെ തെറ്റായിരുന്നില്ല..
മൗനമേ നീ അറിഞ്ഞുകൊണ്ട്
കടന്നൽക്കൂട്ടിലേക്കിട്ട
ഭൂഹൃദയം ഇന്നും വാക്കുകൾ
കാത്തുസൂക്ഷിക്കുന്നു
അതിലെന്ത് തെറ്റ്..
അകമ്പടിയിലാൾക്കൂട്ടത്തിനാരവത്തിലാഹ്ലാദിക്കും
അറിവില്ലായ്മ..
മൗനം ബലിക്കല്ലുകൾ തേടി
നടക്കുന്നു
ഒരോ ബലിയിലും
മരിച്ചുവീഴുന്നവരുടെ ഹൃദയരുധിരത്തിൽ
രാത്രി ദയനീയമായി ചുരുങ്ങി ചുമക്കുന്നു..
മൗനം നടന്നുനീങ്ങിയതും
വാക്കുകൾ തിരികെ നടന്നതും
ഒരു ദുരന്തകാവ്യം പോലെയായിരുന്നു..
അതിനിടയിൽ വാക്കുകൾ
മുറിയണമെന്നും, മുറിഞ്ഞുടഞ്ഞ
വാക്കുകളുടെ ഹൃദയം
രക്തം ചിന്തിയില്ലാതെയാവണമെന്നുമാശിച്ചു
ഒരാവനാഴി..
മൗനം പുതിയ മേച്ചിൽപ്പുറങ്ങളിലഭിനയിക്കുന്നു
അഭിനയിക്കാനറിയാത്ത വാക്കുകളുടഞ്ഞുതകരുന്നു..
പകലിന്റെ കാവ്യം മായ്ച്ച്
ശാന്തിനികേതനത്തെയുമൊരു ദൈന്യമാക്കും
എഴുത്തുൽസവങ്ങൾ..
മൗനമേ നിന്നിൽ നിന്നകന്നകന്നൊരു
ദിക്കിലാരും കാണാതെയിരുന്നെഴുതാൻ
വാക്കുകളാശിക്കുന്നു..
പക്ഷെ നിന്റെ നിഴലുകളിന്നും
വാക്കുകളെ പിന്തുടരുമ്പോൾ
നിന്റെ കടന്നൽക്കൂടുകൾ വാക്കുകളെ
മുറിവേൽപ്പിക്കുമ്പോൾ
വാക്കുകളിൽ നിന്നുമൊഴുകുന്നു
ചിറകെട്ടി തടുക്കാനാവാത്തൊരു
കടൽ.....
No comments:
Post a Comment