Monday, January 23, 2012


ഹൃദ്സ്പന്ദനങ്ങൾ

ഒരോ മണൽത്തരിയിലും
കടലിരമ്പുന്നു
മനസ്സുമതുപോലെ


നിറങ്ങൾ തൂത്തുമായ്ച്ച
കമാനം 
ആകെയലങ്കോലപ്പെട്ട
ചിത്രം...


അക്ഷരമാല്യത്തിൽ
മുദ്രകൾ കല്ലുരയ്ക്കും
കാഠിന്യം..


വിതാനങ്ങൾക്കരികിൽ
ആകാശത്തിനൊരു നിർണ്ണയം
അഴിക്കൂടുകൾക്കൊരു നിർണ്ണയം
അഴിമുഖത്തിനൊരു നിർണ്ണയം
ചില്ലക്ഷരങ്ങൾക്കൊരു നിർണ്ണയം
ന്യായം തെറ്റിയ രേഖകൾ..


എരിഞ്ഞ വിളക്കിൽ
എണ്ണയോ മിഴിനീരോ
അറിയാത്തതു പോലഭിനയിക്കാനൊരു
മുഖദർപ്പണം


ഇടനാഴിയിൽ  
മൗനത്തിന്റെയൊരു മുഖം
അതിൽ നിസ്സഹായതയോ
ആവനാഴിയിലെയൊരസ്ത്രമോ?


മഷിപ്പാടുണങ്ങാത്ത
പ്രഭാതങ്ങളിൽ
പ്രണവത്തിനരികിൽ
പെരും വാദ്യങ്ങൾ
ഉടയുന്നു ഭൂമൺതരികൾ..


ചില്ലുകൂടിലെ കവിതയിൽ
നേർപ്പിക്കാനാവാതെയുറയും
മഞ്ഞുതരികൾ
എത്ര തണുത്തിരിക്കുന്നു
ഹൃദ്സ്പന്ദനങ്ങളും..






No comments:

Post a Comment