Wednesday, January 25, 2012


മൊഴി


തണലും നിഴലും തൂവും
അരയാൽശിഖരചില്ലയിലും
ഗ്രഹദൈന്യച്ചുമട്


ഭൂമിയുടെ ഹരിതാഭാമാം
സ്പനങ്ങളിലേയ്ക്കാരോ
ആവനാഴിയിൽ നിന്നെയ്തു
അനേകം നിഴലുക..
മനസ്സിന്റെയന്തർധാരയിൽ
നിന്നുണർന്നപ്രതിരൂപങ്ങൾ
നിഴലുകൾക്കെതിർമൊഴിയെഴുതുന്നു..


അഴിമുഖങ്ങൾ കണ്ടുനടക്കുമ്പോൾ
കടലിനഴിപണിയുമൊരാളുടെ
ശിരോപടം കാണാനായി
മുഖം മറഞ്ഞുമിരുന്നു..


നക്ഷത്രങ്ങൾ മിന്നും ആകാശത്തിൻ
കമാനത്തിലേറി
മേഘങ്ങൾ തിരയുന്നു മിഴിനീർ..


അടച്ചിട്ട വാതിലുകൾ 
വീണ്ടും വീണ്ടുമുലച്ചനേരം
ഭൂമിയിലുമുണ്ടായി ഒരു വിടവ്
അശോകപ്പൂക്കൾ പോലെ
അഗ്നിക്കനലുകളതിലുയർന്നു..


തീരമെത്താൻ വൈകിയ
തിരയ്ക്കരികിൽ
സന്ധ്യ കണ്ടു അസ്തമയം 
വീണ്ടുമുണർന്ന പ്രഭാതങ്ങളിൽ
ആരും കാണാതെ
സൂര്യനൊളിപ്പിച്ചു 
അഗ്നി.. 
ഉലയിലെയുമിക്കനൽ പോലെ..


സർഗങ്ങൾ നെയ്ത
സ്വപ്നങ്ങൾ സ്വരങ്ങളിലലിഞ്ഞ്
വിരലിലെത്തിയപ്പോഴേയ്ക്കും
തിരയേറ്റത്തിലൊഴുകി 
വിവേകത്തിനവസാന
മണൽത്തരിയും മാഞ്ഞിരുന്നു...


തുലാവർഷമഴയിലൊഴുകിയ
ലോകത്തൊന്റെയൊരു തുണ്ട്
വീണ്ടും കാണാനായി
നനഞ്ഞുകുതിർന്നൊരു
മേഘഗദ്ഗദം പോലെ..


വേരുണങ്ങിക്കരിഞ്ഞ
വൃക്ഷശിഖരങ്ങളിലെ
പൊഴിയും ഇലകളിൽ
കാലം എഴുതിയിട്ടു
കല്പനകൾ..


കടത്തുവഞ്ചി തുഴഞ്ഞ്
ഉൾക്കടൽ തേടിപ്പോയ മനസ്സിലെ
സ്വപ്നങ്ങൾ നക്ഷത്രമിഴിയിലൊളിച്ചു..









No comments:

Post a Comment