സന്ധ്യാദീപങ്ങൾ
ഒരുവരിക്കവിതയിലൊതുങ്ങാതെ
ആകുലമായൊരവസ്ഥയുടെ
അകമ്പടിയിൽ
അംഗരക്ഷരകർക്കുൾക്കൊള്ളാനാവാതെ
എഴുത്തുൽസവത്തിലൊരു ദിനം
ഒരോ ദിനവും ഒരോ സങ്കടങ്ങൾ
ഒരോ പകലുമെത്തിനിൽക്കുന്നു
കനൽചെപ്പിൽ
എരിയുന്നു ഇത്തിരിവെട്ടം
സന്ധ്യാദിപങ്ങൾ..
വിനോദയാത്രകഴിഞ്ഞുവന്ന
രാത്രിയുടെയില്ലാത്ത
ദു:ഖത്തിൻ കണ്ണുനീരൊപ്പാനൊരുങ്ങും
അരങ്ങിന്റെ ഉൽകൃഷ്ടത..
ആധികാരികത...
ചില്ലുകൂട്ടിൽ
കൂട്ടം തെറ്റി വീഴും ചില്ലക്ഷരങ്ങൾ...
പോയ വഴിയിലാചില്ലുകൂടിന്റെ
ചാവികൂടിയാപുഴയുപേക്ഷിച്ചു
പോയിരുന്നെങ്കിൽ..
സത്യത്തിൽ ഋണങ്ങളെല്ലാം
എഴുതിയൊതുങ്ങിയിരിക്കുന്നു
ഇനിയുമെന്തിനിങ്ങിനെ
ഘടികാരങ്ങൾ വാതിലിനരികിൽ
ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു..
വന്നവഴിയിലൂടെ മഷിതുള്ളികളും
മടങ്ങിപ്പോയിരുന്നെങ്കിൽ...
തീരങ്ങളുടെ ശാന്തിയെ
തിരകളുടയ്ക്കുന്നു
ഉൾക്കടലിലേയ്ക്ക്
പായ് വഞ്ചിതുഴഞ്ഞു
നീങ്ങും ചിന്തകളെ
പിന്നോട്ടുവലിക്കും തിരകൾ
മറുകുറിയെഴുതി
കടലിനും മതിയായിരിക്കുന്നു..
ശീലങ്ങളുടെ നടുത്തളത്തിലൊരു
ശാന്തിനികേതനം
എത്ര ഭംഗിയതിനുള്ളിൽ
ഒരു നനുത്ത സ്പർശം പോലെ ഹൃദ്യം
അതിന്റെയോരിതളും
മുനമ്പിനരികിലെ
സന്ധ്യയെ ശൈത്യമേഘങ്ങൾ
മൂടിയിരിക്കുന്നു
ഓട്ടുവിളക്കിൽ
പ്രകാശവുമായൊരെണ്ണത്തിരി..
No comments:
Post a Comment