മൊഴി
തീർഥകലശങ്ങളിൽ
നിറഞ്ഞ മഴതുള്ളിയിൽ
നിന്നുമൊരു തുടം
തട്ടിതൂവിയതിലൊഴുകി
ഒരു തുളസിപ്പൂവിതൾ
ലോകത്തിന്റെയതിർമതിലുകൾ
ഉടഞ്ഞുതകർന്ന നാളിൽ
ത്രിനേത്രത്തിലുമുണർന്നുവോ
ഒരു ഗ്രഹദോഷം
ഒരിലയിറ്റുവീണൊരു
നീർക്കണത്തിനുള്ളിൽ
തുളുമ്പി ഒരു കവിത
ആകാശത്തിനുമപ്പുറം
യാത്രചെയ്തൊടുവിൽ
ഗ്രഹചിഹ്നങ്ങളിൽ
നിന്നടർന്നുവീണ
യന്ത്രപ്പിഴവുകൾ
കടലിലൊഴുകി നടന്നു..
എഴുതിമായ്ക്കാനാവാതെ
ചുറ്റും നീർത്തിയിട്ട
വർത്തമാനകാലത്തിൻ
പരവതാനിയിലൂടെ
ഒരു കാവ്യത്തിനിതളുകളുമായ്
ഭൂമി മെല്ലെ നടന്നു..
പർണശാലയിൽ
പവിത്രം തൊട്ടൊഴുകും
കമണ്ഡലുവിൽ
കടലിനിരമ്പം..
ഓങ്കാരധ്വനി...
No comments:
Post a Comment