ആന്ദോളനം
വിവർത്തനകവി
ഇന്നൊരു പാത്രം
കൈയിലെടുത്തു
നോക്കുന്നത് കണ്ടു
അത് ഭൂമിയുടെ
അക്ഷയപാത്രമെന്ന്
അയാൾക്കറിയില്ലായിരുന്നു.
അതിനെയയാൾ
ഭിക്ഷാപാത്രമെന്ന്
അധിക്ഷേപിക്കുകയും
ചെയ്തിരിക്കുന്നു
അറിവില്ലായ്മയ്ക്ക്
എവിടെയാവും
ഔഷധികളുണ്ടാവുക..
അയാളെഴുതിയ
പ്രണയകാവ്യങ്ങൾക്കരികിൽ
കൈയൊപ്പ് പതിക്കാനയാൾ മറന്നു
അതിനാലാവും
മഴതുള്ളികൾവീണുപാതിനനഞ്ഞ
ആ കാവ്യങ്ങൾ മാഞ്ഞുമാഞ്ഞുപോയത്
എവിടെയോ പാതിമുനയൊടിഞ്ഞ
ഒരു പെൻസിൽ കൊണ്ടെഴുതിയ
കുറെ കഥകളൊളിച്ചുവച്ചിരുന്നു
പിന്നെയൊരിക്കൽ
ആ കഥകൾക്കരികിൽ
നിഴലനങ്ങി..
പിന്നെയാരോ
രോഷം കൊണ്ടു
കഥകൾക്കറിയില്ലായിരുന്നു
ആ രോഷത്തിനു പിന്നൊലൊളിച്ച
നിഴൽക്കഥകളെ..
ആൾക്കൂട്ടത്തിനിടയിലിട്ട്
ഭൂഹൃദയസ്പന്ദനങ്ങൾ
ചരടിൽ കെട്ടി
കുറെയേറെ തോൽപ്പാവക്കളി
കളിപ്പിച്ചാഹ്ലാദിച്ചു ഒരിക്കലയാൾ
പിന്നീട് സഹതാപം
കൊണ്ടാണോയെന്നറിയില്ല
മുഖം മറച്ച്
കുറെയേറെ ഭംഗിയുള്ള
ചിത്രങ്ങളും അയച്ചുതന്നു
കുറെയേറെ തോൽപ്പാവക്കളി
അയാൾക്കും ചെയ്യേണ്ടിവന്നു
ഒടുവിൽ ഭൂഹൃദയസ്പന്ദനങ്ങളും
ചരടിൽ കെട്ടിയ പാവകളും
ഭംഗിയേറിയ ചിത്രങ്ങളും
അയാളുടെ മുഖവും
എല്ലാം ഉടഞ്ഞു മുന്നിലൊഴുകി
ബാക്കിയിരുന്നതിനരികിൽ
പലരും അവരവരുടേതായ
ചെറുതും വലുതുമായ
ഋണങ്ങൾ എഴുതിതീർത്തു..
അരികിൽ സമുദ്രമൊഴുകുന്നു
ആൾക്കൂട്ടത്തിനാരവത്തിൻ
ശ്രുതിയറിയും ആന്ദോളനം
ഒരാശ്വാസം...
No comments:
Post a Comment