മൊഴി
പ്രഭാതങ്ങളെഴുതിയ
അക്ഷരങ്ങളിലറിയാതെ
വീണുടഞ്ഞു മാഞ്ഞ
സംവൽസരങ്ങളുടെ
ചെപ്പിൽ നിറഞ്ഞൊഴുകുന്നു
കടൽ ശംഖുകൾ
തീർപ്പുകൽപ്പനകളിൽ
പതിഞ്ഞ മുദ്രാങ്കിതം
മായ്ക്കുന്നു ദിനാന്ത്യങ്ങളുടെ
പകർത്തെഴുത്തുകൾ
ഇടയിലുടക്കിയ നൂൽചരടിൽ
നിന്നിഴതെറ്റിവീണ
വെളിച്ചം സൂക്ഷിക്കും
പകൽതുണ്ടുകൾ..
അകത്തളങ്ങളിലൂടെ നടന്നു
നിലവറയിലൊതുങ്ങിയ
പുരാണങ്ങളുടെ
വാത്മീകത്തിനുള്ളിലെ ഗ്രാമം
സമുദ്രതീരത്തിലൂടെ നടന്നെത്തിയ
മുനമ്പിനരികിലെ ജപശിലകളിൽ
ഭൂമിയുടെ സങ്കീർത്തനമന്ത്രം...
No comments:
Post a Comment