മൊഴി
തർജ്ജിമയിലൊഴുകി വരും
ഭംഗിയുമഭംഗിയും
ഭൂമിയുടെ ദു:ഖമേയല്ലയിന്ന്
ലോകവാതിലിനരികിൽ
ഒരു പുതിയ കവിയെയറിയാനാവുമെന്ന
കൗതുകമതിലുണ്ട്
അതിലൊരു സന്തോഷവുമുണ്ട്..
ആകാശമേ!
എത്രയെത്ര മേഘങ്ങളരികിൽ
പലരൂപത്തിലും പല ചിന്തകളിലും
മേഘസൃഷ്ടിയങ്ങനെ
അതിനൊരു പരിഹാരവുമില്ല
ഉടഞ്ഞുതകർന്ന ചില്ലുകൂടിലും
അക്ഷരങ്ങളുടയാതെയിരിക്കുന്നു
അത്ഭുതം..
ഘനീഭവിച്ച മൗനത്തിന്റയൊരാരവം
ഇന്നു കാണാനായി
അതിൽ പ്രത്യേകമായി
ഒരമർഷം കാണാനായി
വാക്കുകൾ പലനാളായി
പുറത്തേയ്ക്കൊഴുക്കിയ
അതേ ആത്മരോഷം..
ചിലനേരങ്ങളിലങ്ങനെ
ഉപദ്രവങ്ങളൊന്നൊന്നായി
ശിരസ്സിലേറ്റിയവർ
മുന്നിലൂടെയതുതന്നെ സാമർഥ്യം
എന്നപോലെ നടന്നുനീങ്ങുമ്പോഴും
അതിനെ മഹത്വവൽക്കരിക്കും
മഷിപ്പാടുകളെ കാണുമ്പോഴും
മനസ്സിലുമുണരും ഒരാത്മരോഷം
ഒരു കടൽ
അതടങ്ങുന്നുമില്ലല്ലോ..
ഒരിക്കൽ തണൽ പോലെ തോന്നിയ
നീർമാതളത്തിനരികിൽ കാലം
ഭയാനകമായ ഒരു നിഴലുമായിരിക്കുന്നുവോ
ഒരു സംശയം വളരുന്നു...
ഇന്നലെകളിലൂടെ കാണാനായ
പുതിയ പുതിയ അറിവുകൾ
മനസ്സിലെ നന്മയെ മുറിവേൽപ്പിച്ചിരിക്കുന്നു
മരുന്നുചേർത്തു തുന്നിക്കൂട്ടിയിട്ടും
ഉണങ്ങാത്ത മുറിവുകൾ..
എവിടെയോ ചിലമ്പിനൊരു ധ്വനി
മൊഴിയിലൊരു കവിത
തിരയേറും തീരത്തിലുമൊരു ശംഖ്
നിറയുന്നുവോ സമുദ്രമതിനുള്ളിൽ...
No comments:
Post a Comment