പ്രതിബിംബങ്ങൾ
നിഴലനക്കങ്ങൾക്കൊരു
മാറ്റവുമില്ല
പിന്നിലൊളിപാർത്ത്
കല്ലും മുള്ളും പൂവുമെറിയും
ജനൽവാതിലിനരികിൽ
ചുമന്ന നിറത്തിലൊരപായചിഹ്നവുമായ്
വന്ന് ഭയപ്പെടുത്തും
ഭൂമിയുടെ കമാനങ്ങളിലെ
ഒരു ചിത്രമുടയ്ക്കും
കുന്നിനു മറഞ്ഞിരുന്ന്
മേഘമാർഗത്തിലൂടെയോടിമറയും..
പ്രകാശമാനമായ പ്രഭാതങ്ങളിൽ
തർജ്ജിമയിൽ മുള്ളുതൂവും
വിവർത്തനകവിയെ
കാണ്ടാമൃഗമെന്നാക്ഷേപിക്കാനാവശ്യം
കുറെ വ്യഞ്ജനങ്ങൾ മാത്രം
അതൊരു മഹത്വമേറിയ
സൃഷ്ടിയുമാവില്ല എന്നറിയാം
പാതിയുടഞ്ഞ ഒരു ഹൃദയം
അയാൾ കൈയിലെടുത്തു
ഒരു കൗതുകം പോലെ
കണ്ടിരുന്നു
പിന്നെയെപ്പോഴോ അയാൾക്ക്
ദേഷ്യം വന്നപ്പോൾ
അതയാൾ കുന്നിൻ മുകളിൽ
നിന്നും താഴേയ്ക്കെറിഞ്ഞു
ഭൂമിയതിനെ ഒരു മരച്ചില്ലയിൽ
താങ്ങിനിർത്തി,തലോടിയാശ്വസിപ്പിച്ചു
അതിൽ നിന്നൊഴുകി
മുത്തുപോലെയുള്ള കവിതകൾ..
രണ്ടുനാൾ മുൻപ്
ഒരുൽകൃഷ്ടകവിയെഴുതി
എന്റെ ഹൃദയം മുറിഞ്ഞ്
രക്തമൊഴുകുന്നത് അയാൾ
കാണുമെന്ന്
അതൊരു മഹത്വമേറിയ
കാര്യമെന്ന് അയാൾ കരുതുന്നു..
അറിഞ്ഞുകൊണ്ട് ചെയ്ത കൈപ്പിഴകൾ
മായ്ക്കാൻ ശ്രമിക്കും പുഴയൊരുഭാഗത്ത്
ആത്മാഭിമാനത്തിൻ വിലയറിയും
ഭൂമിയൊരു ഭാഗത്ത്
അറിഞ്ഞുമറിയാതെയും
അക്ഷരകാലം തെറ്റിയ
മേഘസൃഷ്ടികളിടയിൽ
മുഖം നോക്കും ദർപ്പണത്തിൽ
നിന്നൊരുമുഖമെന്നോടു പറയുന്നു
കാണുന്നില്ലേ ഇതൊക്കെ തന്നെയീലോകം
കണ്ടും കേട്ടും നിറയും ശൂന്യതയുടെ
പ്രതിബിംബം
ആകാശചക്രവാളം
ഉദയാസ്തമയങ്ങൾ കണ്ടുകണ്ട്
നിർമ്മമം, നിസ്സംഗം...
No comments:
Post a Comment